അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ലാലി ജെയിംസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
അഡ്മിൻ
തൃശൂർ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടതായാണ് ലാലി ജെയിംസിന്റെ വെളിപ്പെടുത്തൽ. തൃശൂർ കോർപ്പറേഷനിൽ ഡോ. നിജി ജസ്റ്റിൻ മേയറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പരസ്യമായത്. പണം നൽകാൻ കഴിയാത്തതിനാലാണ് തനിക്ക് അർഹതപ്പെട്ട സ്ഥാനം നിഷേധിക്കപ്പെട്ടതെന്നും അനീതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
അവസാന നിമിഷം വരെ മേയർ സ്ഥാനത്തേക്ക് തന്റെ പേരായിരുന്നു പരിഗണിച്ചിരുന്നതെന്ന് ലാലി ജെയിംസ് പറഞ്ഞു. സാമുദായിക സമവാക്യങ്ങളും നാലുതവണ തുടർച്ചയായി നേടിയ വിജയവും പരിഗണിച്ച് മുൻഗണന ലഭിക്കുമെന്ന് മുതിർന്ന നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു. ആർക്കും മത്സരിക്കാൻ ഭയമുള്ള ലാലൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തന്നെ തഴഞ്ഞതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
അതേസമയം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ലാലി ജെയിംസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെയാണ് സസ്പെൻഷൻ വിവരം അറിഞ്ഞതെന്നും കൃത്യമായ കാരണം കാണിക്കൽ നോട്ടീസ് നൽകുക പോലും ചെയ്യാതെ എടുത്ത തീരുമാനം ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും അവർ വ്യക്തമാക്കി. മേയർ പദവി കിട്ടാത്തതിലുള്ള വേദനയല്ല, മറിച്ച് പാർട്ടിയിലെ അനീതി തുറന്നുകാട്ടാനാണ് താൻ ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.