കർണാടക കുടിയൊഴിപ്പിക്കൽ; മുസ്ലീം ലീഗിന്റെ നിലപാടിനെ വിമർശിച്ച് എ.എ. റഹീം
അഡ്മിൻ
ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലീം ലീഗിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എ.എ. റഹീം എം.പി. കോൺഗ്രസ് സ്വന്തം നയങ്ങൾ കാരണം ചെന്നുപെടുന്ന വലിയ കുഴികളിൽ നിന്ന് അവരെ പരിക്കേൽക്കാതെ കൈപിടിച്ചുയർത്താൻ കരാറെടുത്ത ഒരു കമ്പനിയാണ് മുസ്ലീം ലീഗ് എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ഫക്കീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളും ദളിതരും മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരിൽ ‘ഇന്ത്യൻ യൂണിയൻ’ എന്നൊക്കെയുണ്ടല്ലോ, എന്നിട്ടും രാജ്യത്തെ മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന ലീഗ് ഇത്രയേറെ കണ്ടീഷണൽ ആകുന്നത് എന്തുകൊണ്ടാണെന്ന് എ.എ. റഹീം ചോദിച്ചു. ബുൾഡോസറുകൾ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഭയം നഷ്ടപ്പെട്ട മനുഷ്യരല്ല, മറിച്ച് വരാനിരിക്കുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്റെ മനസ്സ് നിറയെ. കോൺഗ്രസിന് പോറലേൽക്കരുത് എന്ന ഏക ലക്ഷ്യത്തോടെയാണ് ലീഗ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും ഉയർത്തുന്ന ന്യായീകരണങ്ങൾ വസ്തുതകൾക്കോ ധാർമ്മികതയ്‌ക്കോ ഒട്ടും നിരക്കാത്തതാണെന്ന് എ.എ. റഹീം വിമർശിച്ചു. ബിജെപിയുടെ ബുൾഡോസർ രാജ് പോലെയല്ല കോൺഗ്രസിന്റേതെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് വെറും ‘ഡാമേജ് മാനേജ്മെന്റ്’ മാത്രമാണ്. ഇരകളിൽ എല്ലാ സമുദായക്കാരുമുണ്ടെന്ന ലീഗിന്റെ വാദം പച്ചക്കള്ളമാണെന്നും, സത്യം കൺമുന്നിലുണ്ടായിട്ടും കോൺഗ്രസിന്റെ തെറ്റായ നടപടിയെ വെള്ളപൂശാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബാബറി മസ്ജിദ് തകർത്തപ്പോഴും കോൺഗ്രസിനോട് മൃദുസമീപനം കാട്ടിയ ലീഗിന്റെ ആ ചതിയാണ് സംഘപരിവാറിനെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. കർണാടകയിൽ ബിജെപി ചെയ്യാൻ ആഗ്രഹിച്ചത് കോൺഗ്രസ് നടപ്പിലാക്കിയപ്പോൾ, അതിനെ പ്രതിരോധിക്കാൻ അവിടുത്തെ ബിജെപി പ്രതിപക്ഷം തന്നെ രംഗത്തെത്തിയത് വൈരുദ്ധ്യമാണ്. സംഘപരിവാർ കേന്ദ്രങ്ങൾക്ക് പോലും സ്വീകാര്യമായ കോൺഗ്രസിന്റെ ഈ മനുഷ്യത്വവിരുദ്ധ നടപടിയെ ന്യായീകരിക്കുന്ന ലീഗിനെ, കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി എന്ന് റഹീം പരിഹസിച്ചു.