അന്തർസംസ്ഥാന ബസ് ലോബികൾക്കെതിരെ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ; പിഴ അടയ്ക്കാത്ത അന്തര്‍സംസ്ഥാന ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യും
അഡ്മിൻ
അന്തർസംസ്ഥാന ബസ് ലോബികൾക്കെതിരെ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. നിയമലംഘനത്തിനു പിഴ അടയ്ക്കാതെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാനാണ് സർക്കാർ തീരുമാനം. കൂടാതെ നിയമലംഘനങ്ങള്‍ക്കു പിഴ അടയ്ക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്തശേഷം അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കാനും സർക്കാർ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.
കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ട്രാക്ട് ക്യാരേജായി റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമവിരുദ്ധമായി സ്റ്റേജ് ക്യാരേജ് വാഹനങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായി പാഴ്സല്‍ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും ഇവര്‍ക്കു നോട്ടിസ് നല്‍കാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല.
അമിത വേഗത്തിനു 205 കേസുകളില്‍ പിഴ അടയ്ക്കാനുള്ള ബസുകളെപ്പോലും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബസുകള്‍ക്കു പെര്‍മിറ്റ് നല്‍കിയ സംസ്ഥാനത്തിനാണ് റദ്ദു ചെയ്യാനുള്ള അവകാശവും. ഇതു പഴുതാക്കി ബസുകള്‍ നിയമലംഘനം തുടരുന്നത് . നടപടി നേരിടേണ്ട ഘട്ടമെത്തിയാല്‍ റജിസ്ട്രേഷന്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റി നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായി. ഇതിനെയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തശേഷം, റജിസ്ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ സര്‍ക്കാരിനെ രേഖാമൂലം വിവരം അറിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.