ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണം: ആസൂത്രണം നടന്നത് കേരളത്തിൽ

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണ് ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസിനു സൂചന ലഭിച്ചു. ഇതേപ്പറ്റി അന്വേഷിക്കാൻ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ തയ്യാറെടുപ്പുകളുമായി മിലിട്ടറി ഇന്റലിജൻസ്,​ റോ, എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ സംയുക്ത സംഘം കൊച്ചിയിൽ തമ്പടിക്കുകയാണ്. എൻ.ഐ.എ ഐ.ജി. അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.


ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ ഭീകരർ കേരളത്തിലും കാശ്‌മീരിലും ബാംഗ്ലൂരിലും എത്തിയിരുന്നതായി ലങ്കൻ സേനാമേധാവി വെളിപ്പെടുത്തിയിരുന്നു. ലങ്കൻ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും നാഷണൽ തൗഹിത് ജമാ അത്ത് എന്ന ഭീകര സംഘടനയുടെ തലവനുമായ സഹ്‌റാൻ ഹാഷിം പാനായിക്കുളത്തും മലപ്പുറത്തും താമസിച്ചതായി നേരത്തേ വിവരങ്ങൾ പുറത്തുവന്നിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് സേനാനായകെയുടെ വെളിപ്പെടുത്തൽ.


ഒരു സ്‌ത്രീ ഉൾപ്പെടെ ഒൻപത് ചാവേറുകളാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്. അവരിൽ ചിലരാണ് ഇന്ത്യയിൽ എത്തിയത്. ഭീകരാക്രമണ മുന്നറിയിപ്പ് എൻ.ഐ.എയാണ് ആദ്യം ശ്രീലങ്കയ്‌ക്ക് നൽകിയത്. അതുകൊണ്ടു തന്നെ ലങ്കൻ ഭീകരർ ഇന്ത്യയിലെത്തിയത് ഇന്ത്യൻ ഏജൻസികൾ നേരത്തേ അറിഞ്ഞി​രുന്നു എന്ന് വേണം കരുതാൻ. വെളിപ്പെടുത്തലിന് മുമ്പേ ഇന്ത്യൻ ഏജൻസികൾ ഇതേപറ്റി അന്വേഷണവും ആരംഭിച്ചിരുന്നു.

05-May-2019