മതവികാരം വ്രണപ്പെടുത്തി എന്ന ബാബ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരേ കേസ്
അഡ്മിൻ
മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ വിമർശിച്ചു പൊതുയോഗത്തിൽ പ്രസംഗിച്ചു എന്ന് ചൂണ്ടി കാട്ടി ബാബാരാംദേവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയില്‍, മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനക്കെതിരേ യെച്ചൂരി നല്‍കിയ മറുപടി പ്രസംഗമാണ് പരാതിക്ക് വഴിവെച്ചത്.
ഹിന്ദുക്കളാരും അക്രമകാരികളല്ലെന്നായിരുന്നു മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിങ് പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് രാമായണവും മഹാഭാരതവും ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നൽകിയിരുന്നു. ഇതാണ് ബാബ രാംദേവ് ഉൾപ്പടെയുള്ളവരെ പ്രകോപിപ്പിച്ചത്.
''ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ പറയുന്നത്. രാജ്യത്ത് ഒട്ടേറെ രാജാക്കന്‍മാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നവരാണ്. എന്നിട്ടും ഹിന്ദുക്കള്‍ക്ക് അക്രമാസക്തരാവാന്‍ പറ്റില്ല എന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. അക്രമത്തില്‍ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെയല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്''- എന്നായിരുന്നു വിവാദമായ യെച്ചൂരിയുടെ പ്രസംഗം.