രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചു നരേന്ദ്ര മോദി; കർമഫലം മോദിയെ കാത്തിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഉത്തർപ്രദേശിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത്. ‘നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തിൽ അദ്ദേഹം അവസാനം വരെ നമ്പർ വൺ അഴിമതിക്കാരനായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം.

രാജീവ്‌ ഗാന്ധിയെയും കോൺഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമർശിച്ചായിരുന്നു മോദിയുടെ അധിക്ഷേപം. സ്വീഡനിൽ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകൾ വാങ്ങാൻ സ്വീഡിഷ്‌ നിർമാണകമ്പനിയായ ബൊഫേഴ്‌സിൽ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതർ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. എന്നാൽ, ഇതിൽ രാജീവ് ഗാന്ധി കുറ്റക്കാരനാണ്‌ എന്നതിന്‌ തെളിവുകളില്ലെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

അതേസമയം രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച മോദിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. മോദിജി, യുദ്ധം കഴിഞ്ഞു. കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഉള്‍വിചാരങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിച്ചതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തെ അപമാനിച്ചുവെന്നും മോദിക്ക് അമേത്തിയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. മാത്രമല്ല രക്തസാക്ഷികളുടെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണെന്നും, ഈ കാപട്യം രാജ്യം ഒരിക്കലും മറക്കാന്‍ പോകുന്നില്ലെന്നും ട്വിറ്ററില്‍ പ്രിയങ്ക കുറിച്ചു.

 

05-May-2019