രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിക്കും; പുതിയൊരാളെ കണ്ടെത്താൻ കോൺഗ്രസിൽ തിരക്കിട്ട ആലോചന

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും. രാജി വയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എത്തിയ കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരോടാണ് തന്റെ തീരുമാനത്തിൽ മാറ്റമില്ല എന്ന് രാഹുൽ ഗാന്ധി അറിയിച്ചത്. ഇതിനെത്തുടർന്ന് പുതുതായി തിരഞ്ഞെടുത്ത എംപിമാരുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയടക്കം എല്ലാ പരിപാടികളും രാഹുല്‍ റദ്ദാക്കി.

രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജിക്ക് അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും സമ്മതം അറിയിച്ചിട്ടുണ്ട്. സമ്പൂർണ അഴിച്ചുപണി നടത്തിയാൽ മാത്രമേ കോൺഗ്രസിന് ഇനി അധികാരത്തിൽ തിരിച്ചെത്താനാവൂ എന്നാണ് ഇവരുടെയും വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തോടെയാണ് രാഹുലിന്റെ രാജി സജീവ ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനം പിന്‍വലിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

27-May-2019