പിഎംശ്രി പദ്ധതിയിൽ നിന്ന് പിന്മാറാൻ യുഡിഎഫ് സർക്കാരിന് തടസമില്ല: വി. ശിവൻകുട്ടി
അഡ്മിൻ
പിഎംശ്രി പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാരിന് ഏത് ഘട്ടത്തിലും പിന്മാറാൻ കഴിയുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയുടെ ഭാഗമായി സർക്കാരിന് യാതൊരു നിയമപരമായ ബാധ്യതയും നിലവിലില്ലെന്നും, പദ്ധതി നടപ്പാക്കാതിരിക്കാൻ തീരുമാനിക്കുന്നതിന് മുന്നിൽ നിയമതടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുമായി രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള താൽപര്യമുണ്ടെങ്കിൽ മാത്രമേ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകേണ്ട സാഹചര്യമുള്ളുവെന്നും ശിവൻകുട്ടി വിമർശിച്ചു. കേരളത്തിന് അനുവദിച്ച 99.27 കോടി രൂപ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിക്ക് കീഴിലുള്ള ഫണ്ടിൽ നിന്നുള്ളതാണെന്നും, ഇത് സംബന്ധിച്ച രേഖകൾ അതിവ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎംശ്രി പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നടപ്പാക്കൽ നടപടികളിലേക്കും മുൻ എൽ.ഡി.എഫ് സർക്കാർ കടന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങൾ സംബന്ധിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും, ലഭ്യമായ ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ യഥാർത്ഥ സ്ഥിതി വ്യക്തമാകുമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.