കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
അഡ്മിൻ
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. ഡൽഹിയിൽ വെച്ച് കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വത്തെ നേരിൽ കണ്ടാണ് അദ്ദേഹം തന്റെ താല്പര്യവും നിലപാടും ഔദ്യോഗികമായി അറിയിച്ചത്. പാർട്ടിയിലെ ജാതി-സമുദായ സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
അർഹതയും യോഗ്യതയും പാർട്ടിയിലെ നീണ്ടകാലത്തെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാക്കേണ്ടത്. 1978 മുതൽ താൻ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി നടത്തിയ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് ഇത്തവണ ഗൗരവമായി പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സംഘടനയുടെ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി-സമുദായ പരിഗണനകൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ അടിത്തറയെയും വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നാണ് ഉണ്ണിത്താന്റെ നിലപാട്.
പാർട്ടിയിലെ ഗ്രൂപ്പ് താത്പര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണം. എങ്കിൽ മാത്രമേ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ സാധിക്കൂ രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.