‘ന്യൂനപക്ഷ രാഷ്ട്രീയം അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രം’; കെ.എം. ഷാജിക്കെതിരെ എം. ശിവപ്രസാദ്
അഡ്മിൻ
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അനുവദിക്കുന്ന വീടുകൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട എംബ്ലം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ പരാമർശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്ത്. അധികാരത്തിനുവേണ്ടി ഇത്രയും നാൾ പറഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ച് പുതിയ നിലപാടുകൾ സ്വീകരിക്കുകയാണ് ലീഗ് നേതൃത്വമെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം. സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ പോരാട്ടം വെറും അധികാര തർക്കമല്ലെന്നും ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അധികാരലാഭത്തിനായി ആ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്നാണ് ആരോപണം.
വീട് ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ പദ്ധതികളിലൂടെ നിർമ്മിക്കുന്ന വീടുകളിൽ പ്രത്യേക രാഷ്ട്രീയ ചിഹ്നങ്ങളോ നേതാക്കളുടെ ചിത്രങ്ങളോ പതിക്കേണ്ടതില്ലെന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ശിവപ്രസാദ് പറഞ്ഞു. മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ എംബ്ലം സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്നത് സംഘപരിവാർ അജണ്ടയെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.