സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യത
അഡ്മിൻ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ബാക്കി പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 29, 30 തീയതികളിലും മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയോര മേഖലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. നദിക്കരകളിലും ഡാമുകളുടെ താഴെയുള്ള പ്രദേശങ്ങളിലും ഉള്ളവരും ജാഗ്രത വെടിയരുത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂരകൾക്ക് ബലമില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കണം.
അപകടസാധ്യതയുള്ള മേഖലകളിൽ ഉള്ളവർ പകൽ സമയത്ത് തന്നെ തദ്ദേശ സ്വയംഭരണ-റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.