മണിപ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലെ മരണങ്ങൾ; കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി
അഡ്മിൻ
മണിപ്പൂരിൽ വംശീയ സംഘർഷത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളിൽ കടുത്ത ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി സുപ്രീം കോടതി. ക്യാമ്പുകളിൽ കഴിയുന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി, സംഭവവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ നടപടികളും വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ പരാമർശങ്ങൾ.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 25 പേരുടെ അസ്വാഭാവിക മരണത്തെക്കുറിച്ചും, അതിൽ ഒരാൾ ലൈംഗിക അതിക്രമത്തിനിരയായി മരണപ്പെട്ട സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 20 കേസുകളിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയിട്ടുള്ളതെന്നും ബാക്കിയുള്ളവയിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20,000 മുതൽ 30,000 രൂപ വരെ മാത്രം നഷ്ടപരിഹാരം നൽകിയതിനെ ബെഞ്ച് വിമർശിച്ചു. ഇത്തരം മരണങ്ങളിൽ നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നിയമപരമായ സംരക്ഷണം എന്നിവ സംബന്ധിച്ച് സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.