അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ആന്റോയുടെ അപേക്ഷയില്‍ ബത്തേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.

ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്‌സൈ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദിച്ചിരുന്നു.

18-Sep-2026