ആന്റോ അഗസ്റ്റിന് തിരിച്ചടി; അബ്കാരി കേസിൽ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു
അഡ്മിൻ
അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ നിന്നും ആശ്വാസമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 43.850 ലിറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇതിനെ തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാമ്യാപേക്ഷയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആന്റോ അഗസ്റ്റിൻ ആരോപിച്ചു. മദ്യം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെന്നും, വീട് തന്റെ പേരിലല്ലെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ള സ്വത്തായതിനാൽ തന്റെ പേരിൽ കേസ് എടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന് എക്‌സൈസ് വകുപ്പ് കോടതിയെ അറിയിച്ചു. എന്നാൽ ഇത് വ്യാജമദ്യമല്ലെന്നും, വീട്ടിൽ നിർമിച്ച വൈൻ മാത്രമാണെന്നും ആന്റോ അഗസ്റ്റിൻ കോടതിയിൽ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധന പൂർത്തിയാക്കാതെയാണ് വ്യാജമദ്യമെന്ന് ആരോപിക്കുന്നതെന്നും, ഇത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരു വാദങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആന്റോ അഗസ്റ്റിൻ നിലവിൽ റിമാൻഡിൽ തുടരും.