'യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീം'; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേന്ദ്ര സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന സർക്കാരും ചേർന്നുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോദിയും ഇഡിയും വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇഡി നിർദേശപ്രകാരമുള്ള നടപടികളെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗപ്പെടുത്തി രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അതേ മാതൃകയാണ് കേരളത്തിലും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്–ലീഗ്–ബിജെപി ബന്ധത്തിന്റെ രാഷ്ട്രീയ ചരിത്രം ഇപ്പോഴും തുടരുകയാണെന്ന് ആരോപിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പരസ്പര സഹായം ഉണ്ടായിരുന്നുവെന്നും ഭരണത്തിൽ എത്തിയ ശേഷവും ആ ബന്ധം ശക്തമായി തുടരുകയാണെന്നും വിമർശിച്ചു.
പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്ന് സിപിഐഎം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇഡിക്ക് ലഭിച്ചുവെന്ന് പറയുന്ന മൊഴികൾ പിന്നീട് പിൻവലിക്കപ്പെട്ടവയാണെന്നും അത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നത് അപൂർവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ പണം സ്വീകരിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിലാണ് പണം വാങ്ങിയതെന്ന് പറയുന്നതെങ്കിലും അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഡി ശുപാർശയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിനെതിരെ ശക്തമായ നിയമപരവും രാഷ്ട്രീയപരവുമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.