മുഖ്യമന്ത്രിയുടെ പരിപാടികളിൽ സുരക്ഷ കർശനമാക്കും; പോലീസിന് പുതിയ നിർദേശം
അഡ്മിൻ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊതുപരിപാടികളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം. മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ അനിയന്ത്രിതമായി മുഖ്യമന്ത്രിയുടെ സമീപത്തേക്ക് എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശപ്രകാരം, പൊതുപരിപാടികളിൽ മഫ്തി പോലീസടക്കമുള്ള അധിക സുരക്ഷാ സേനയെ വിന്യസിക്കും. ജനക്കൂട്ട നിയന്ത്രണത്തിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് കൂടുതൽ മുൻഗണന നൽകുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ സമീപകാല പരിപാടികളിൽ തിരക്കും സുരക്ഷാ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇടുക്കിയിൽ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ തിരക്ക് നിയന്ത്രിക്കാൻ മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തെ പരിപാടിയിലും മുഖ്യമന്ത്രിയുടെ സമീപത്തേക്ക് മൈക്കുകളുമായി എത്തരുതെന്ന് മാധ്യമപ്രവർത്തകർക്ക് പോലീസ് നിർദേശം നൽകിയിരുന്നു. തൃശൂരിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് ലഭ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുപരിപാടി വേദികളിൽ സുരക്ഷാ വളയം കൂടുതൽ ശക്തമാക്കുകയും അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് എത്തുന്നത് നിയന്ത്രിക്കുകയും ചെയ്യും.
അതേസമയം, മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വലിയ വാഹനവ്യൂഹവും അമിത സുരക്ഷാ അകമ്പടിയും ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ നിർദേശിച്ചിരുന്നു. പൊതുജനങ്ങൾക്ക് യാത്രാബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പരിപാടി വേദികളിൽ അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.