സിപിഐഎമ്മിനെതിരായ കടന്നാക്രമണങ്ങൾക്ക് കീഴടങ്ങില്ല; എ വിജയരാഘവൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്താണ് സിപിഐഎമ്മിനെതിരെ വേട്ടയാടൽ നടത്തുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇത്തരം കടന്നാക്രമണങ്ങൾക്ക് മുന്നിൽ സിപിഐഎം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സതീശൻ സർക്കാർ നിയമവിരുദ്ധമായി നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. ചില മാധ്യമങ്ങളുടെ ഓമനക്കുഞ്ഞാണ് സതീശൻ സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. സ്പോൺസർമാരുടെ പേര് പറയാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവൻ പരിഹസിച്ചു.

മന്ത്രിമാർ എല്ലാം ആകാശത്താണെന്നും വേണമെങ്കിൽ ആകാശത്ത് വച്ച് മന്ത്രിസഭാ യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു. കേരളം വലതുപക്ഷ ആശയങ്ങളുടെ പ്രവർത്തനശാലയായി മാറിയെന്നും വലതുപക്ഷ മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ സമൂഹം ജനങ്ങളെ സ്വാധീനിച്ചെന്നും വിജയരാഘവൻ ആരോപിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ തകർച്ചയിലേക്ക് നീങ്ങുകയാണെന്നും സംഘപരിവാറിന് കേരളത്തിന്റെ രാഷ്ട്രീയ മേഖലയിൽ ഇടപെടാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെ വേട്ടയാടുകയാണെന്നും ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വിജയരാഘവൻ ആരോപിച്ചു. പിണറായി വിജയൻ ഭരണത്തിൽ വരുന്നതിന് മുമ്പുതന്നെ ഈ വേട്ടയാടൽ ആരംഭിച്ചിരുന്നുവെന്നും പത്ത് വർഷം ഭരിച്ചതിന് പിന്നാലെ ഇപ്പോൾ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഒറ്റതിരിഞ്ഞ് ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

28-Sep-2026