‘റീ ഇമാജിനിങ് കേരളം’ പരിപാടിയുടെ ഏകോപനം സ്വകാര്യ കമ്പനിക്ക്; വിവാദമായി സർക്കാർ തീരുമാനം

സംസ്ഥാന സർക്കാരിന്റെ മുൻഗണനാ വികസന പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ പരിപാടിയുടെ ഏകോപന ചുമതല ഒരു ബഹുരാഷ്ട്ര സ്വകാര്യ കമ്പനിക്കായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ലണ്ടൻ ആസ്ഥാനമായ ഗ്രാന്റ് തോൺടൺ എന്ന കമ്പനിയാണ് പരിപാടിയുടെ ‘നോളജ് പാർട്ണർ’ ആയി പ്രവർത്തിച്ചതെന്നാണ് പുറത്തുവന്ന ടെൻഡർ രേഖകൾ വ്യക്തമാക്കുന്നത്.

സർക്കാരിന്റെ തന്ത്രപ്രധാന പദ്ധതികളുടെയും വികസന പരിപാടികളുടെയും ഏകോപനത്തിനായി ഗ്രാന്റ് തോൺടണിന്റെ 40 അംഗ സംഘത്തെയാണ് നിയോഗിച്ചതെന്നാണ് വിവരം. ഇതിനായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പനിയെ ചുമതലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം പദ്ധതികളുടെ ഏകോപനത്തിനും പഠനങ്ങൾക്കും സർക്കാർ ഏജൻസികൾ നിലവിലുണ്ടായിരിക്കെ സ്വകാര്യ കമ്പനിയെ നിയോഗിച്ചതെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മുൻകാലങ്ങളിൽ സർക്കാർ പ്രവർത്തനങ്ങളിൽ പുറംകരാറുകൾ നൽകുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നിലവിലെ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ഈ മാസം 16, 17, 18 തീയതികളിലായി നടന്ന ‘റീ ഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ പ്രധാന ലക്ഷ്യം ബജറ്റിൽ പ്രഖ്യാപിച്ച ഫ്‌ളാഗ്ഷിപ്പ് വികസന പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനുള്ള പ്രവർത്തനരേഖ തയ്യാറാക്കുക എന്നതായിരുന്നു.

പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി, ആറുമാസത്തിനകം പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകുകയും രണ്ട് വർഷത്തിനകം അവ നടപ്പാക്കൽ ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

29-Sep-2026