തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡിഎഫിന് വിവിധയിടങ്ങളിൽ നേട്ടം
അഡ്മിൻ
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫ് വിജയിച്ചു. മുട്ടം പോളിടെക്നിക്കിലായിരുന്നു വോട്ടെണ്ണൽ.
കണ്ണൂർ പെരളശ്ശേരി പഞ്ചായത്ത് ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി എ.കെ. സുരേഷ് കുമാർ 276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കോട്ടയം പാമ്പാടി ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി ഡെയ്സി മാത്യുവിനെ പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് വാർഡ് തിരിച്ചുപിടിച്ചു. 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി വർഗീസിന്റെ വിജയം.
കഴിഞ്ഞ തവണ 90 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചിരുന്ന വാർഡാണ് ഇത്തവണ എൽഡിഎഫ് ശക്തമായ പോരാട്ടത്തിലൂടെ പിടിച്ചെടുത്തത്. കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ മണ്ഡലമായ പുതുപ്പള്ളിയിലാണ് പാമ്പാടി ഗ്രാമപഞ്ചായത്ത്.