മഹാരാജാസ് മുതൽ ഇടുക്കി വരെ; എംജി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുന്നേറ്റം

എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മുന്നേറ്റം. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ 14 സീറ്റുകളും നിലനിർത്തിയ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. തുടർച്ചയായ നാലാം വർഷമാണ് മഹാരാജാസിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുന്നത്.

ആലുവ യുസി കോളേജ് ആറ് വർഷത്തിന് ശേഷം എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഭാരത് മാതാ ലോ കോളേജിലും എസ്എഫ്ഐ വിജയിച്ചു. തിരുവല്ല മാർത്തോമ കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് എന്നിവിടങ്ങളിലും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. കോട്ടയം സിഎംഎസ് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും തൃക്കാക്കര കെഎംഎം കോളേജിലും എസ്എഫ്ഐ വിജയം നേടി.

ഇടുക്കി ജില്ലയിലും എസ്എഫ്ഐക്ക് നേട്ടമുണ്ടായി. 28 കോളേജുകളിൽ 24 ഇടത്തും എസ്എഫ്ഐ വിജയിച്ചതായാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് കോളേജുകൾ കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഐഎച്ച്ആർഡി കോളേജ് മുട്ടം, കാർമൽഗിരി കോളേജ് അടിമാലി എന്നിവയാണ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തത്.

അതേസമയം, തൊടുപുഴ അൽ അസർ ലോ കോളേജ് തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് എസ്ഡിപിഐ പിന്തുണ ലഭിച്ചതായി എസ്എഫ്ഐ ആരോപിച്ചു. എസ്ഡിപിഐ വിദ്യാർഥി സംഘടനയായ യങ് ഡെമോക്രാറ്റിന്റെ സ്ഥാനാർഥികൾ കെഎസ്‌യു പിന്തുണയോടെ വിജയിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്തുണയ്ക്കായി രണ്ട് യുയുസി സീറ്റുകൾ കെഎസ്‌യു വിട്ടുനൽകിയെന്നാണ് ആരോപണം.

ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ പ്രധാന സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. പ്രധാന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരുന്നു.

29-Sep-2026