രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ മേയ് മൂന്നുവരെ നീട്ടിയതിന് പിന്നാലെ കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാർഗനിർദേശങ്ങൾ മേയ് 3 വരെ നീട്ടിക്കൊണ്ടാണ് നിർദേശങ്ങൾ പുറത്തുവിട്ടത്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.
ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ
1. രാജ്യത്ത് പൊതുഗതാഗതം അനുവദിക്കില്ല. 2. ഏപ്രിൽ 20ന് ശേഷം മെഡിക്കൽ ലാബുകൾക്ക് തുറന്ന് പ്രവർത്തിക്കാം. 3. കാർഷികവൃത്തിക്ക് തടസമില്ല. ചന്തകൾക്ക് പ്രവർത്തിക്കാം. 4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെൻ്ററുകൾ എന്നിവ അടഞ്ഞു കിടക്കും. 5. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. 6. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. പൊതു ആരാധന ഒഴിവാക്കണം. 7. സംസ്‌കാര ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. 8. ചരക്ക് ഗതാഗതം അനുവദിക്കും. 9. കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കും. 10. വ്യോമ റെയിൽ വാഹന ഗതാഗതം റദ്ദാക്കി. 11. ആവശ്യ വസ്തുക്കൾക്ക് ഇളവുകൾ തുടരും. 12. റോഡ് നിർമ്മാണം, കെട്ടിട നിർമ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതിയുണ്ടാകും.
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ കൊവിഡ് ഹോട്ട് സ്പോട്ടായി തിരിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് ഇളവുകൾ അനുവദിക്കാൻ പാടില്ല. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു.