നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 39 വിമാനം

കൊറോണവൈറസ് കാരണം കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു പോകുന്ന വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ ഇനി ടിക്കറ്റ് വില്‍പ്പന എയര്‍ ഇന്ത്യ നേരിട്ട്. നാട്ടിലേക്ക് പോകാനുള്ള വ്യവസ്ഥ പൂര്‍ത്തിയായ, എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന എന്ന ക്രമത്തിലാകും ടിക്കറ്റ് നല്‍കുക. ടിക്കറ്റ് വില്‍പ്പന ഞായറാഴ്ച വൈകീട്ട് ആരംഭിച്ചു. 
 
എയര്‍ ഇന്ത്യയുടെ www.airindiaexpress.in വെബ്‌സൈറ്റ് വഴിയും അബുദബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, റാസ് അല്‍ഖൈമ, ഫ്യുജൈറ, അജ്മാന്‍ എന്നീ ഓഫീസുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ദുബായിലെ എയര്‍ ഇന്ത്യ ഔദ്യോഗിക ഏജന്റുമാരിലും ടിക്കറ്റ് ലഭിക്കും. 
 
ജൂലായ് മൂന്നു മുതല്‍ 15 വരെയുള്ള നാലാം ഘട്ട വന്ദേ ഭാരത് വിമാനത്തിലേക്കുള്ള ടിക്കറ്റുകളാണ് ഇങ്ങിനെ ലഭിക്കുക. നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 58 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 39 എണ്ണം കേരളത്തിലേക്കാണ്. 
 
അതേസമയം, യാത്രക്കാരില്‍ ഗണ്യമായ കുറവ് വന്ന പാശ്ചാത്തലത്തിലാണ് എംബസി നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരത്, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കൊന്നും യുഎഇയില്‍ പ്രതീക്ഷിച്ച തിരക്കുണ്ടായിരുന്നില്ല. 

 

29-Jun-2020