വനിതാ സ്ഥാനാർത്ഥികൾക്കെതിരെ സൈബർ അറ്റാക്ക് നടത്തിയാൽ ഉടന്‍ നടപടിയുമായി പോലീസ്

അടുത്തുവരുന്ന സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൈബർ പ്രമോഷനുകളോടൊപ്പം സൈബർ അറ്റാക്കും വ്യാപകമാകുമ്പോൾ മുൻകരുതലുമായി കേരളാ പോലീസ്. വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്തോ നേരിട്ടോ അധിക്ഷേപകരമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവര്‍ കുടുങ്ങും. അതുപോലുള്ള സംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് മാനദണ്ഡം പ്രകാരം ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണം സാമൂഹിക മാധ്യമങ്ങൾ വഴിയാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ്‌ വനിതാ സ്ഥാനാർത്ഥികളുടെയടക്കം ചിത്രങ്ങൾ ഉപയോഗിച്ച് അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പുറത്തുവന്നത്.

ഈ വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവത്തിൽ പോലീസിന്റെ ഇടപെടൽ. സംഭവം ശ്രദ്ധയിൽ പെട്ടാൽ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

19-Nov-2020