ചിഹ്നം ശുപാര്‍ശ ചെയ്യുന്ന പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി നല്‍കണം
അഡ്മിൻ
സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള ജില്ലാ പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് /വരണാധികാരികള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാര്‍ട്ടി ഭാരവാഹികള്‍ കത്ത് സ്വന്തം കൈപ്പടയില്‍ ഒപ്പ് വച്ച് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബര്‍ 23ന് വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം.
പട്ടിക I, II , III എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങള്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ല/സംസ്ഥാന ഭാരവാഹി ശുപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ അനുവദിക്കാന്‍ പാടുള്ളു. പട്ടിക IV ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടുണ്ടെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ല/സംസ്ഥാന ഭാരവാഹികള്‍ ശുപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ്. എന്നാല്‍ ഏതെങ്കിലും വാര്‍ഡില്‍/നിയോജകമണ്ഡലത്തില്‍ IVാം പട്ടികയിലെ ചിഹ്നം അനുവദിച്ച രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം അത്തരത്തിലുള്ള സ്വതന്ത്ര ചിഹ്നങ്ങളും അനുവദിക്കാവുന്നതാണ്. കൂടാതെ IV ാം പട്ടികയിലെ മറ്റ് സ്വതന്ത്ര ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാവുന്നതാണ്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കിയിട്ടുള്ള ശുപാര്‍ശ റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരവും പുതുതായി ആരെയെങ്കിലും ശുപാര്‍ശ ചെയ്യുന്നുവെങ്കില്‍ അതും നവംബര്‍ 23ന് വൈകിട്ട് മൂന്നിന് മുമ്പ് വരണാധികാരിക്ക് എത്തിക്കേണ്ടതാണ്.