പണചെലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത്; ജലജീവന്‍ പദ്ധതിയുമായി സംസ്ഥാന സർക്കാർ
അഡ്മിൻ
ഒട്ടുംതന്നെ പണചെലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സംസഥാന സര്‍ക്കാരും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ 2024ഓടെ പദ്ധതി നിലവില്‍ വരും.
പദ്ധതി പ്രകാരം പ്രതിദിനം 55 ലിറ്റര്‍ ശുദ്ധജലമാണ് ലഭ്യമാക്കുക. ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല ജീവന്‍ പദ്ധതിയില്‍ ഗാര്‍ഹിക പൈപ്പ് കണക്ഷനുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഫണ്ട് അനുവദിക്കുക.
കേരളത്തിനായി 22,720 കോടി രൂപയാണ് കേന്ദ്രം ഇതിലൂടെ നീക്കി വെച്ചിട്ടുള്ളതെങ്കിലും പദ്ധതിയില്‍ നിശ്ചിത സംസ്ഥാന വിഹിതവുമുണ്ടാകും. മൊത്തം ചെലവിന്റെ 45 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനവും ബാക്കി 10 ശതമാനം ഗുണഭോക്താക്കളും നല്‍കും. ഇതുവഴി 52.85 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യം. 2020-21ല്‍ 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
പഞ്ചായത്തുകളില്‍ 90 ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുക. ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്കാണ് നടത്തിപ്പ് ചുമതല. വാട്ടര്‍ അതോറിറ്റി വഴി ലഭ്യമാക്കുന്ന കുടിവെള്ള കണക്ഷന് നിലവില്‍ 7,000 മുതല്‍ 25,000 രൂപവരെ ചെലവ് വരും. അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ എസ്റ്റിമേറ്റ് തയാറാക്കിയാണ് ചെലവ് കണക്കാക്കുക. അതായത് 8,000 രൂപയാണ് ചെലവെങ്കില്‍ 800 രൂപ മാത്രം നിങ്ങള്‍ നല്‍കിയാല്‍ മതി. ഈ തുക നല്‍കാന്‍ ഗുണഭോക്താക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ സാധനമായോ സേവനമായോ നല്‍കാവുന്നതാണ്. അപേക്ഷയുടെ നിര്‍ദിഷ്ട കോളത്തില്‍ ഇക്കാര്യം വ്യക്തമാക്കിയാല്‍ മതി.
പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫോം അതത് പഞ്ചായത്തുകളില്‍ ലഭ്യമായിരിക്കും. ആധാര്‍, റേഷന്‍കാര്‍ഡ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ അപേക്ഷാ ഫോം പഞ്ചായത്തില്‍ തന്നെയാണ് സമര്‍പ്പിക്കേണ്ടത്. ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്കാണ് പദ്ധതിപ്രകാരം മുന്‍ഗണന ലഭിക്കുക. കേരള വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറായ 1916 ല്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യുന്നതോടെ ജലജീവന്‍ മിഷനിലെ ഉദ്യോഗസ്ഥന്മാര്‍ നിങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധിയില്ല.