സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മാധ്യമങ്ങളും ചർച്ച ചെയ്യുന്നില്ല. സംസ്ഥാനമാകെ എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാക്കും. നേമത്ത് ബി.ജെ.പി തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് ക്ലോസ് ചെയ്യും. വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതോടൊപ്പം തന്നെ വർഗീയതയെ പ്രതിരോധിക്കാനോ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കാനോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര്യമായി ‌യാത്ര ചെയ്യാൻ ഭരണഘടനയുടെ പരിരക്ഷയുള്ള നാട്ടിലാണ് കന്യാസ്ത്രികളുടെ യാത്ര തടസപ്പെടുത്തിയത്.

ആർ.എസ്.എസ് ഭരിക്കുന്ന നാട്ടിൽ ന്യൂനപക്ഷ വിഭാഗത്തിന് രക്ഷയില്ലെന്നതിന്റെ തെളിവാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന. നിയമം കയ്യിലെടുത്ത് നാടിന്റെ മത മൈത്രി തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

30-Mar-2021