കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും

കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വാക്സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

04-Jun-2021