കൊടകര കുഴല്‍പ്പണ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ സാധ്യത
അഡ്മിൻ
ബി.ജെ.പിയുടെ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എം. പിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. കുഴൽപ്പണ കേസിൻറെ ഗൂഢാലോചന കേന്ദ്രം തൃശൂരാണെന്നാണ് അന്വേഷണസംഘത്തിൻറെ നിഗമനം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മെഴിയെടുക്കാൻ സുരേഷ് ഗോപിയെ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ ആലോചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. അതേസമയം, കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശ്ശൂർ പൊലീസ് ക്ലബിൽ ഹാജരാകണം എന്നാണ് നിർദ്ദേശം.
സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.