കൊടകര കുഴല്‍പ്പണ കേസ്; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി

കൊടകര കുഴല്‍പ്പണ കേസിനെ ചൊല്ലി സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതി നിയമമാണ്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് പത്മനാഭന്‍ നയം വ്യക്തമാക്കിയത്. പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായി. ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക് അത് മാത്രമാണ് പറയാനുള്ളതെന്നും പത്മനാഭന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തി നില്‍ക്കവേയാണ് മുതിര്‍ന്ന നേതാവിന്റെ തുറന്നു പറച്ചില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി എം.പിയേയും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഉടന്‍ ചേരാനിരിക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ ചര്‍ച്ചയാക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

05-Jun-2021