കേരളാ ബി.ജെ.പി ഇടപെടലുകളിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി

കൊടകര കുഴല്‍പ്പണ കേസ്, പേമെന്റ് സീറ്റ് വിവാദം, കോഴക്കേസ് അടക്കമുള്ള വിവാദ വിഷയങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. ഒപ്പം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളിലും ദേശീയ നേതൃത്വം ആശങ്ക രേഖപ്പെടുത്തുന്നു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ വാദിക്കുമ്പോഴും ഒറ്റതിരിഞ്ഞുള്ള ആക്രമണം ശക്തമാക്കുകയാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍.

അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പഠിച്ച മൂന്ന് പേരുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിലെ പാളിച്ചകള്‍ അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിര്‍ദേശ പ്രകാരം ഇ.ശ്രീധരന്‍, സി വി ആനന്ദബോസ്, ഡോ.ജേക്കബ് തോമസ് എന്നിവരാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചത്. ഫണ്ട് വിനിയോഗം കെ സുരേന്ദ്രന്‍ ഏകപക്ഷീയമായി നടത്തിയെന്നും, സുതാര്യത പാലിച്ചില്ലായെന്നും കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരന്‍ എന്നിവരോട് കേരളത്തില്‍ എന്താണ് നടന്നതെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോര്‍ട്ട് തേടിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ ചില പ്രമുഖരെ നേരിട്ട് വിളിച്ച് എന്താണ് സംഭവിച്ചതെന്ന കാര്യം അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. മൂന്ന് പേരുടേയും റിപ്പോര്‍ട്ടുകള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലാണ്. സംസ്ഥാന നേതൃത്വം സമ്പൂര്‍ണ പരാജയമാണെന്ന തരത്തിലാണ് മൂന്ന് റിപ്പോര്‍ട്ടുകളും. ചില സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും, അവിടെ ജയിക്കാന്‍ ശ്രമിക്കുന്നതിന് പകരം തമ്മിലടിക്കാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഏകാഭിപ്രായത്തോടെയല്ല ബിജെപി കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും ആശയക്കുഴപ്പവും, സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇ.ശ്രീധരനടക്കമുള്ളവര്‍ മത്സരരംഗത്തേക്ക് വന്നെങ്കിലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിച്ചില്ല. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ രീതിയില്‍ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയപ്പോള്‍ മറ്റുപലര്‍ക്കും ആ ഫണ്ട് എത്തിയില്ലെന്ന പരാതിയും ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

07-Jun-2021