ഇന്ധനവില വര്‍ദ്ധനവ് അതിശക്തമായ പ്രതിഷേധം ഉയരണം: എ. വിജയരാഘവന്
അഡ്മിൻ
രാജ്യത്തെ ജനങ്ങള്‍ കൊവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുമ്പോഴും കേന്ദ്രത്തിന്റെ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നടപടിക്കെതിരെ എ. വിജയരാഘവന് രംഗത്ത്. പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പ്രസ്താവനയില്‍ അറിയിച്ചു.
കേരളത്തില്‍ പ്രീമിയം പെട്രോളിന്റെ വില കേരളത്തില്‍ ലിറ്ററിന് നൂറുരൂപ കടന്നിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തങ്ങള്‍ എന്തും ചെയ്യും ആരും ചോദ്യം ചെയ്യരുതെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ധിക്കാരമാണ് ഇതിന് പിന്നിലെന്ന് വിജയരാഘവന് ആരോപിച്ചു.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിയോ ധനമന്ത്രി നിര്‍മലസീതാരാമനോ തയ്യാറായിട്ടില്ലോന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെ കൂട്ടുക്കച്ചവടമാണ് ഇതിന് കാരണമെന്നും ഇത് തുറന്നു കാട്ടാനും വില വര്‍ദ്ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് എ.വിജയരാഘവന് അഭ്യര്‍ത്ഥിച്ചു.