കുഴൽപ്പണ ആരോപണത്തില്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം സുരേന്ദ്രന് നഷ്ടമാകുമോ
അഡ്മിൻ
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൈയ്യിലുണ്ടായിരുന്ന ഏക സീറ്റ് നഷ്ടമായതോട തന്നെ കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനം നഷ്ടമാകുമോയെന്ന ചർച്ച ഉയർന്നിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ ആരോപണങ്ങൾ ശക്തമാവുകയും നാമനിർദേശ പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് കോഴ നൽകിയെന്ന പരാതിയും പുറത്ത് വന്നതോടെ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റമുണ്ടാകുമോയെന്ന ചർച്ചകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി 35 സീറ്റിൽ വിജയിക്കുമെന്നും സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നുമായിരുന്നു കെ സുരേന്ദ്രൻ അവകാശപ്പെട്ടത്. എന്നാൽ ഫലംപ്രഖ്യാപിച്ചപ്പോൾ കൈയ്യിലുള്ള നേമവും നഷ്ടപ്പെടുന്ന കാഴ്ചയാണ് സംസ്ഥാനം കണ്ടത്. ഇതിന് പിന്നാലെയാണ് കൊടകരയിൽ മോഷണം പോയ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ആരോപണം ഉയരുന്നതും പാർട്ടി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നതും.
കുഴൽപ്പണക്കേസിൽ സുരേന്ദ്രന്‍റെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ മകനിലേക്കും വിവാദം എത്തുന്നത്. ഇതേ സമയത്ത് തന്നെ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന സികെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് പ്രസീത അഴീക്കോട് ആരോപിക്കുന്നത്. താനും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണം തെളിവുകളായുണ്ടെന്ന് പറഞ്ഞ് ഫോൺ റെക്കോർഡുകളും അവർ പുറത്ത് വിട്ടു. ഇതൊക്കെ ബിജെപിയെ പ്രതിരോധത്തിലാക്കവെയാണ് സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുമോയെന്ന ചർച്ചകളും ഉയരുന്നത്.
സുരേന്ദ്രനെ മാറ്റി നിർത്തിയാൽ ബിജെപിയെ നയിക്കാൻ പുതുതായി ആരെത്തുമെന്ന ചർച്ചകളും സജീവമാണ്. സംസ്ഥാന ഘടകത്തിലെ ഇരുവിഭാഗങ്ങളെയും പഗിഗണിച്ചുകൊണ്ട് പുതിയൊരു അധ്യക്ഷനെ നിയോഗിക്കുക എന്നത് കേന്ദ്രത്തിന് തലവേദനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ആരോപണങ്ങളും മറികടക്കാൻ പുതിയൊരാളെ നിയോഗിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇ ശ്രീധരനെ താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കാൻ സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടർ ചാനൽ പറയുന്നത്. എന്നാൽ സംഘടനാ തലത്തിൽ പരിചയക്കുറവുള്ള ശ്രീധരൻ ഈ സ്ഥാനത്തേക്ക് വരാൻ സാധ്യത കുറവാണ്. കോർകമ്മിറ്റിയംഗവും വൈസ് പ്രസിഡന്‍റുമായ എ എൻ രാധാകൃഷ്ണനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സുരേന്ദ്രനെ മറ്റുകയാണെങ്കിൽ കുമ്മനം ഉൾപ്പെടെയുള്ളവരുടെ പേരുകളും വീണ്ടും പരിഗണിക്കപ്പെടാൻ സാധ്യത ഉണ്ട്.