കെ. സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം
അഡ്മിൻ
വിവാദങ്ങളും ആഭ്യന്തര പ്രശ്നങ്ങളും ബിജെപി സംസ്ഥാന ഘടകത്തെ അലട്ടുന്നതിനിടെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും. കൊടകര കുഴപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും നേതൃത്വത്തിന്റെ വീഴ്ചകളെക്കുറിച്ചും മൂന്നംഗ സമിതിയെവച്ച് ദേശീയ നേതൃത്വം റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍, വിവാദങ്ങളെക്കുറിച്ച് സുരേന്ദ്രനില്‍ നിന്ന് നേതാക്കള്‍ വിശദീകരണം തേടും. കേരളത്തിലെ സംഭവങ്ങള്‍ ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ എന്നതാണ് ഏറെ ശ്രദ്ധേയം.
അതേസമയം, മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ കെ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. കോടതി അനുമതിയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്കല് എന്ന വകുപ്പ് ചുമത്തിയാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.