കെ. സുരേന്ദ്രനെനെതിരെയുള്ള മഞ്ചേശ്വരം കോഴക്കേസ് കടുപ്പിച്ച് പോലീസ്
അഡ്മിൻ
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ന്വേഷണം ശക്തമാക്കാൻ പോലീസ്. കൊടകര കവര്‍ച്ചാപണക്കേസില്‍, ഹവാല ബന്ധം ആരോപിച്ചു തുടങ്ങിയ അന്വേഷണങ്ങള്‍ സി. കെ ജാനുവിനെതിരായ പേമെന്റെ് സീറ്റ് വിവാദം, മഞ്ചേശ്വം കോഴക്കേസ് എന്നിവവരെ എത്തിനില്‍ക്കുന്നു. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു വരികയാണ്.
കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താനാണ് പോലീസിന്റെ പുതിയ നീക്കം. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ. സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്.ഐ.ആറില്‍ ചേര്‍ക്കാനാണ് നീക്കം. ബി.ജെ.പി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ക്കുമെന്നും സൂചനയുണ്ട്.
അതേസമയം, റവന്യൂ ഭൂമികളിലെ വനംകൊള്ളകളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ച് പിണറായി സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനും ബി.ജെ.പിയുടെ ശ്രമമുണ്ട്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കായി ചരട് വലികള്‍ ആരംഭിച്ചു കഴിഞ്ഞു. കോടികളുടെ മരം കൊള്ളയില്‍ ഉദ്യോഗസ്ഥരോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
ഡല്‍ഹിയില്‍ തുടരുന്ന കെ. സുരേന്ദ്രന്‍ ദേശീയ നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ഇന്ന് കാണും. ഇന്നലെ ദേശീയ അദ്ധ്യക്ഷന്‍ ജെ. പി നദ്ദയെ കണ്ടിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിലും അതിന് ശേഷം ഉണ്ടായ വിവാദങ്ങളിലും ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചതായാണ് വിവരം.