കള്ളപണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചു: എ. വിജയരാഘവൻ

കേരളത്തിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിച്ചില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ജനപ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.

വയനാട്ടില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കില്‍ കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വ്യക്തിയെ പിന്‍മാറ്റാനാണ് പണം കൊടുത്തത്. സ്ഥാനാര്‍ഥികളില്‍ അറിയപ്പെടുന്ന ചില മുന്‍ ബ്യൂറോക്രാറ്റുകളും മുന്‍ പൊലീസ് മേധാവികളും ഇ .ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു.

ഇവരില്‍ പലരും കൂടുതല്‍ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴല്‍പ്പണവിതരണ പരിപാടി ഇവര്‍ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളില്‍ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. – വിജയരാഘവന്‍ പറയുന്നു.

11-Jun-2021