ലോക്ഡൗൺ; കേരളത്തിൽ ഇന്ന് കൂടുതൽ ഇളവുകൾ

കേരളത്തിൽ ലോക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ തുറക്കാം.

വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും. ഇന്ന് അറ്റക്കുറ്റ പണികൾ നടത്തുന്ന കടകൾക്കും മൊബൈൽ ഫോൺ റിപ്പയർ കടകൾക്കും പ്രവർത്തിക്കാം.

അതേ സമയം 12, 13 തീയതികളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളിൽ ടേക്ക് എവേ, പാഴ്‌സൽ സൗകര്യങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കർശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താം.

എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വെള്ളിയാഴ്ച തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

11-Jun-2021