സംസ്ഥാനത്തിന് 77,350 തൊഴിലവസരങ്ങളുമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
അഡ്മിൻ
ഇടതുമുന്നണിയുടെ പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇന്നു മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന കമര്മപരിപാടിയാണു പ്രഖ്യാപിച്ചത്്. പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണു നടപ്പാക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് 20,000 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കും.
വ്യവസായ വകുപ്പ്-10,000, സഹകരണം- 10,000, കുടുംബശ്രീ-2,000, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്-2,000, വനിതാവികസന കോര്പറേഷന്- 2,500, പിന്നോക്കവികസന കോര്പറേഷന്- 2,500, പട്ടികജാതി-വര്‍ഗ വികസന കോര്പറേഷന്–2,500, ഐടി. മേഖല- 1000, തദ്ദേശഭരണ വകുപ്പ്- 7,000, (യുവ വനിതാ സംരംഭകത്വ പരിപാടി-5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ്-4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്- 350 (പരോക്ഷമായി), ഗതാഗത വകുപ്പ്- 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വേയുടെ ഭാഗമായി 26,000 സര്‍വേയര്‍, ചെയിന്മാന് എന്നിവരുടെ തൊഴിലവസരങ്ങള്‍ എന്നിവയാണവ.
കര്‍മപരിപാടിയുടെ നടപ്പാക്കല്‍ പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.
വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്(ആര് കെ ഐ) ലോകബാങ്ക്, ജര്‍മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ ഐ ഐ ബി) എന്നിവയില്‍നിന്ന് 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ ആര് കെ ഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ ഒന്‍പ് റോഡ് പ്രവൃത്തികള്‍ ആരംഭിക്കും.
11-Jun-2021