തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയുമായി മന്ത്രി സജി ചെറിയാന്‍

കേരളത്തിൽ കാലവര്‍ഷത്തിന്റെ വരവിൽ കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് വ്യക്തമാക്കി.

കടല്‍കയറി വീട് നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് മാറിയിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. ക്യാംപുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല. ഈ ദിവസങ്ങളിൽ ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും. തീരദേശ റോഡുകള്‍ നന്നാക്കാന്‍ 80 കോടി രൂപ ഉടന്‍ അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യും മന്ത്രി വ്യക്തമാക്കി.

കാലവര്‍ഷം വരാനിരിക്കെ കടല്‍കയറ്റം കൂടുതല്‍ രൂക്ഷമാകുന്ന സാധ്യത മുന്നില്‍ കണ്ട് മന്ത്രി തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗം വിളിച്ചു. പിന്നാലെ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയും ആസൂത്രണം ചെയ്തു. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണ ഭിത്തി ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

12-Jun-2021