കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിൽ: മന്ത്രി പി. പ്രസാദ്
അഡ്മിൻ
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിൽ എന്ന് കൃഷി മന്ത്രി പി. പ്രസാദ്. മലയോരമേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം കൂട്ടുന്നത് പരിഗണിക്കുന്നതിനൊപ്പം തന്നെ വന്യമൃഗ ശല്യം നേരിടുന്നവര്‍ക്കുള്ള നഷ്ട പരിഹാരവും വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.ടൌട്ടേ ചുഴലിക്കാറ്റിന് മുമ്പ് വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ജൂണ്‍ ഒന്നിന് മുമ്പ് തന്നെ അനുവദിച്ചിട്ടുണ്ട്. അത് കര്‍ഷകര്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും. ഗുണമേന്മയുള്ള വിത്തുകള്‍ ഉറപ്പാക്കും. കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് രൂപീകരണവുമായി മുന്നോട്ട് പോകും. 10 ലക്ഷം വിത്തു തേങ്ങ കുറ്റ്യാടിയില്‍ നിന്നും ശേഖരിക്കും. ലോക്ഡൌണില്‍ നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നതിന് ക്രമീകരണമുണ്ടാക്കും.
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ നയം. അത് തന്നെ നടപ്പിലാക്കും. അഴിമതി ആരോപണം ഉയര്‍ന്ന നടുവണ്ണൂരിലെ കേരഫെഡില്‍ ഓഡിറ്റിംഗ് പരിഗണിക്കും. ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയ ചോദ്യത്തോട് മന്ത്രി വ്യക്തമാക്കി.വെറ്റില കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. കുട്ടനാട്ടിലെ നെല്ല് സംഭരണം പരാതിയില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.
ലോക്ഡൗൺ ഇളവുകള്‍ ആരംഭിച്ചാല്‍ കോവിഡ്-19 മാനദണ്ധങ്ങള്‍ പാലിച്ച് കുട്ടനാട് സന്ദര്‍ശിച്ച് കര്‍ഷകരെ കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.നെല്ല് ഉല്‍പ്പാദനം വര്‍ദ്ധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തരിശ് രഹിത കേരളത്തിനുവേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.