രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ക്യാംപ്. എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണവുമായി പൈലറ്റ് ക്യാംപിലെ എം.എല്‍.എയായ വേദ് പ്രകാശ് സോളങ്കി രംഗത്തെത്തി. ഫോൺ സംഭാഷണം ചോർത്തുന്നതായി ചില എം.എൽ.എമാർ തന്നോടു പറഞ്ഞെന്നു പ്രകാശ് സോളങ്കി വെളിപ്പെടുത്തി. എന്നാൽ എം.എൽ.എമാരുടെ പേരു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. തന്റെ ഫോണും ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോയെന്നറിയില്ലെന്നും സോളങ്കി പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസും ഇന്റലിജന്‍സ് വിഭാഗവും എം.എല്‍.എമാരെ നിരീക്ഷിക്കുന്നുണ്ടെന്നും സോളങ്കി പറഞ്ഞു.
അതേസമയം ഇവരെല്ലാം പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരാണോ എന്ന ചോദ്യത്തിന് അവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് എന്നായിരുന്നു സോളങ്കിയുടെ മറുപടി. അതേസമയം, ഫോൺ ചോർത്തൽ സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എം.എൽ.എയപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ കാര്യങ്ങൾ ശരിയായ വിധത്തിൽ ബോധ്യപ്പെടാതെ പൊതുജന സമക്ഷത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും കോൺഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ മുഖമന്ത്രി അശോക് ഗെലോട്ടിനെതിരെ വിമത നീക്കം നടത്തിയപ്പോഴും തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നു സച്ചിൻ പൈലറ്റും മറ്റു 18 എംഎൽഎമാരും ആരോപിച്ചിരുന്നു. അതേസമയം സച്ചിന്‍ പൈലറ്റ് രണ്ട് ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച പൈലറ്റ് ബി.ജെ.പി. നേതാക്കളെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.