ഇന്ധനവില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ സമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തണം. കോവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്നും പ്രധാന്‍ പറഞ്ഞു.

‘ഇന്ധനവില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി അംഗീകരിക്കുന്നു. വാക്‌സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.’ മന്ത്രി പറഞ്ഞു.

വിലവര്‍ധനവിനെക്കുറിച്ച് പരാതി പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാത്തതെന്താണെന്നും മന്ത്രി ചോദിച്ചു രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കാളിത്വമുള്ള മഹാരാഷ്ട്രയും നികുതി കുറയ്ക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ കവിഞ്ഞെങ്കിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇന്ധനവില വര്‍ധനവില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ആക്രമണത്തേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇന്ധനം വിലയേറിയത് എന്തുകൊണ്ടാണെന്നാണ് മന്ത്രി ചോദിച്ചത്.

പാവപ്പെട്ടവരെ ഇന്ധനവില ബാധിക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി നികുതി കുറയ്ക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടണമെന്നും നികുതി കുറയ്ക്കാന്‍ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

13-Jun-2021