സുരേന്ദ്രന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി രമേശിന് സാധ്യത

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും കെ സുരേന്ദ്രൻ തെറിച്ചേക്കും. എംടി രമേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. എംടി രമേശ് കൃഷ്ണദാസ് പക്ഷത്തിലെ പ്രധാനിയാണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ശോഭ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ മുതലായ പ്രബലർക്ക് അതിൽ അതൃപ്തിയുണ്ടാകും.

കുഴൽപ്പണ, കോഴ വിവാദങ്ങളിൽ ആരോപണം നേരിടുന്ന കെ സുരേന്ദ്രനെതിരെ ശോഭാ സുരന്ദ്രൻ, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നീ മൂന്ന് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകൾ പടയൊരുക്കം നടത്തുന്നുവെന്നായിരുന്നു വാർത്തകൾ.

പാർട്ടിയുടെ ഔദ്യോഗിക കാര്യങ്ങളിൽ ശോഭയെ സംസ്ഥാന അധ്യക്ഷൻ മാറ്റിനിർത്തുന്നതായി ചില ആക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് മുൻപ് ഉയർന്നു കേട്ടിരുന്നു. സികെ ജാനുവിന് ബിജെപി പത്ത് ലക്ഷം കൈമാറിയ ആരോപണം പുറത്തുവന്നതോടെ കൃഷ്ണദാസും കെ സുരേന്ദ്രനും തമ്മിലുള്ള പോര് പരസ്യമാവുകയും ചെയ്തു.

ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുന്ന സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. കാര്യങ്ങൾ ഇരുവരെയും ധരിപ്പിക്കുന്നതിനാണ് സുരേന്ദ്രന് ഡെൽഹിയിലെത്തിയത്. എന്നാൽ ഇരുവരെയും കാണാനാവാതെ സുരേന്ദ്രന് നാട്ടിലേക്ക് തിരികെ വരേണ്ടി വരുന്നത് തിരിച്ചടിയാണ്. മോദിയെയും അമിത് ഷായായും കാര്യങ്ങൾ ധരിപ്പിച്ച് പിന്തുണ ഉറപ്പിച്ചാൽ ഗ്രൂപ്പ് പോരിനെ പ്രതിരോധിക്കാമെന്ന് വിശ്വസാത്തിലാണ് സുരേന്ദ്രന്റെ ഡെൽഹി യാത്ര. എന്നാൽ ഇത് നടന്നില്ല.

13-Jun-2021