16ന് ശേഷം ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്.

തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.അതിനു പകരം രോഗവ്യാപനത്തിന്‍റെ തീവ്രതക്കനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്' -മുഖ്യമന്ത്രി പറഞ്ഞു.

മരണസംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും പിണറായി പറഞ്ഞു. പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലർത്തിയ മികവാണ് മരണനിരക്ക് കുറയാൻ കാരണം.

അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.

ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീൻ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

14-Jun-2021