രമ്യാ ഹരിദാസിന്റേത് നാടകമാണെന്ന് ആർക്കും മനസിലാകും: ഇർഷാദ്
അഡ്മിൻ
രമ്യാ ഹരിദാസ് എംപി ആലത്തൂരിൽ കളിച്ചത് നാടകമാണെന്ന് ആർക്കും മനസിലാകുമെന്ന് നടൻ ഇർഷാദ്. ജഗതി റോഡിൽ പാ വിരിച്ചു കിടക്കുന്ന ചിത്രത്തിനു താഴെ രമ്യാ ഹരിദാസ് ഇരിക്കുന്ന ചിത്രം കമന്റ് ചെയ്തത് വിവാദമായതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു നടൻ. സംഭവം നാടകമാണെന്ന തന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ നിന്നാണ് അങ്ങനെ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇർഷാദ് സിപിഎമ്മിന്റെ തണലിൽ ഇരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടൻ പ്രതികരിച്ചത്. ഇത്തരത്തിലൊരു നാടകം ആദ്യത്തേതല്ലെന്നും നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടെന്നും ഇർഷാദ് പറഞ്ഞു.
സ്ത്രീയെന്നോ ദളിതനെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡത്തിന്റെയോ അടിസ്ഥാനത്തിലല്ല താൻ നിലപാട് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ നാടകം കണ്ടപ്പോൾ അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ലല്ലോ? താൻ ചെയ്തത് ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.