സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാലകളും ബാറുകളും നാളെ മുതല്‍ തുറക്കാനാണ് തീരുമാനം. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാണ് മദ്യവില്‍പന നടത്തുക. നേരിട്ട് ബെവ്‌കോ മദ്യശാലകളിലെത്തി മദ്യം വാങ്ങാനാകും. ബാറുകളിലും മദ്യം ലഭിക്കും. സാമൂഹിക അകലം ഉറപ്പു വരുത്തിയാകും വില്‍പ്പനയെന്ന് ബെവ്‌കോ അറിയിച്ചു.

ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്.

സെര്‍വര്‍ സ്‌പേസ് ശരിയാക്കണം, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് പുതുക്കണം, സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളാണ് വെല്ലുവിളി ആയത്. മൊബൈല്‍ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാര്‍ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ. മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി നാളെ മുതല്‍ മദ്യ വില്‍പന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന്‍ തീരുമാനിച്ചത്.

16-Jun-2021