ലക്ഷദ്വീപ്: സ്വകാര്യഭൂമിയിൽ നാട്ടിയ കൊടികൾ റവന്യൂവകുപ്പുതന്നെ നീക്കം ചെയ്തു
അഡ്മിൻ
ലക്ഷദ്വീപിൽ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കവരത്തിയിലെ സ്വകാര്യഭൂമിയിൽ നാട്ടിയ കൊടികൾ റവന്യൂവകുപ്പുതന്നെ നീക്കം ചെയ്തു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം നിശ്ചയിച്ചതിലും നേരത്തേ മടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സൂചന്. ഔദ്യോഗിക സന്ദർശന പദ്ധതിയനുസരിച്ച് 20-ന് ആണ് പ്രഫുൽപട്ടേൽ ലക്ഷദ്വീപിൽനിന്ന് മടങ്ങേണ്ടത്.
നഴ്സിങ് കോളേജ്, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നാട്ടിയ കൊടികളാണ് നീക്കിയത്. ഇരുപതോളം സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ അറിയിപ്പില്ലാതെ കൊടിനാട്ടിയത് വിവാദമായിരുന്നു. പ്രഫുൽ പട്ടേൽ ചുമതലയേറ്റയുടൻ കൊണ്ടുവന്ന ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ 2021 (എൽ.ഡി.എ.ആർ.) കരട് നിയമപ്രകാരം വികസനപ്രവർത്തനങ്ങൾക്കായി ഭരണകൂടത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാം.
ഭൂവുടമയ്ക്ക് പിന്നീട് ഈ ഭൂമിയിൽ അവകാശങ്ങളൊന്നും ഉണ്ടാവില്ല. എന്നാൽ ഈ കരട് നിയമത്തിൽ ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുന്ന ഘട്ടത്തിൽതന്നെ ഭൂമി ഏറ്റെടുക്കലിന് തുടക്കം കുറിച്ചതാണ് വിവാദമായത്. എന്നാൽ പ്രഫുൽ പട്ടേലിന് സ്ഥലം കാണാനായാണ് കൊടികൾ നാട്ടിയതെന്നും ഭൂമി ഏറ്റെടുക്കലിൽനിന്ന് പിന്നോട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന സൂചനകൾ.