സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനവും പോയെങ്കിലും ആത്മവിശ്വാസത്തിലാണ് ചെന്നിത്തല. താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ മനസ്സിലെ എല്ലാ പ്രയാസവും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. പാര്‍ട്ടിക്ക് വേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാനും തയ്യാറാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ഇന്ന് ഫോണില്‍ സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്നും അദ്ദേഹത്തിന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസിലെ അഗ്രഗണ്യന്‍മാരുമായുള്ള ചെന്നിത്തലയുടെ ബന്ധവും പഴയ നേതൃപദവികളും ട്വീറ്റിലൂടെ ചെന്നിത്തല ചര്‍ച്ചയാക്കിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാനുള്ള കൃത്യമായ രാഷ്ട്രീയ ലക്ഷ്യമായാണ് ഇത് പൊതുവേ വിലയിരുത്തപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക, ദേശീയ നേതൃപദവി കൊണ്ട് മറുപടി നല്‍കാമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ടായിരുന്നു.