പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ മുമ്പ് കേട്ടിട്ടില്ല: മമ്പറം ദിവാകരന്‍
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും തമ്മിൽ ബ്രണ്ണൻ കോളജ് പഠനകാലത്ത് നടന്നുവെന്ന് പറയുന്ന സംഘട്ടനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. 1971ൽ ഞാനും സുധാകരനും ഒന്നിച്ച് ബ്രണ്ണനിൽ പഠിച്ചതാണ്. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന് കോൺഗ്രസിൽ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സംഘടനാ കോൺഗ്രസിലായിരുന്ന കെ. സുധാകരൻ അന്ന് കെ.എസ്.യു വിരുദ്ധനായിരുന്നു.
പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ വന്നപ്പോൾ ചവിട്ടിവീഴ്ത്തിയെന്ന് കെ. സുധാകരൻ പറയുന്ന സംഭവത്തെക്കുറിച്ച് ബ്രണ്ണനിലെ പഠനകാലത്ത് ആരും പറഞ്ഞുകേട്ടിട്ടില്ല. അന്ന് ഞങ്ങളും ഇടതുപക്ഷവും തമ്മിൽ നിരവധി സംഘട്ടനം ഉണ്ടായിട്ടുണ്ട്. മുൻമന്ത്രി എ.കെ. ബാലനായിരുന്നു അന്ന് ഇടതുവിദ്യാർഥി സംഘടനയുടെ നേതാവ്. പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന ആരോപണവും മുമ്പ് കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷനായ കെ. സുധാകരൻ പക്വത കാണിക്കണമെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെ.പി.സി.സി അധ്യക്ഷന്‍ പറയേണ്ടത്. സുധാകരനെ അധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.