സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി.

പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വാരാന്ത്യ നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പരിധിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തിങ്കളാഴ്ച മുതല്‍ വീണ്ടും നിലവില്‍ വരും.

19-Jun-2021