തന്റെ പിതാവ് പിണറായിയെ ആക്രമിച്ചിട്ടില്ലെന്ന് ഫ്രാൻസിസിന്റെ മകൻ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ ആരോപണങ്ങൾ നിഷേധിച്ച് ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരൻ്റെ പ്രസ്താവന വേദനിപ്പിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു.

മൈക്കുകൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചിട്ടില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. പിൽക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓർമയിലുണ്ട്.

ഫ്രാൻസിസിന് പിണറായിയോട് ഉണ്ടായിരുന്നത് സൗഹൃദമെന്നും അങ്ങനെ ചെയ്യുന്ന ആളല്ല ഫ്രാൻസിസെന്നും ഭാര്യ മേരിക്കുട്ടി പറഞ്ഞു. ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് കെഎസ്‌യു പ്രവർത്തകനായ ഫ്രാൻസിസ്, കോളജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ ആക്രമിച്ചു എന്നായിരുന്നു സുധാകരന്റെ പരാമർശം.

19-Jun-2021